SPECIAL STORY

ഇന്നസെന്റിന് "കുടം" : കുടം വീഡിയോസ് വൈറലാകുന്നു.

ഇന്നസെന്റിന്

Political reporter

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഇടതു സ്വതന്ത്രനും മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരവുമായ ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കുടമാണ്. ഇതോടെയാണ് ഇന്നസെന്റ് അഭിനയിച്ച ചലച്ചിത്രങ്ങളിലെ "കുടം" ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇന്നസെന്റും ജഗതി ശ്രീകുമാറും മത്സരിച്ചഭിനയിച്ച "കാബൂളിവാല" എന്ന ചിത്രത്തിലെ ദൃശ്യങ്ങളാണത്രെ ഇത്തരത്തിൽ പ്രചരിക്കുന്നത്. അതിരാവിലെ ഉണർന്നെണീക്കുമ്പോൾ വെള്ളം നിറച്ച കുടം കണി കാണാൻ നടക്കുന്നതും കുടം മൊഷ്ട്ടിച്ചുവെന്ന് ആരോപിച്ച് പോലീസ് നിരപരാധികളായ കുടുംബത്തെ വേട്ടയാടുമ്പോൾ കുടം മോഷണത്തിന്റെ ഉത്തരവാദിത്തം ഇന്നസന്റ് സ്വയം എൽക്കുന്നതും ഒക്കെയാണ് വൻ "ഹിറ്റിലേക്ക്" നീങ്ങുന്നതത്രേ. ഇടതു മുന്നണി പ്രവർത്തകരും അനുഭാവികളുമാണ് ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നത് എന്നതിൽ സംശയം വേണ്ട. ഏതായാലും ഇന്നച്ചനെ കുടം രക്ഷിക്കും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
മുൻപ് ലോട്ടറി അടിച്ചെന്നു തെറ്റി ധരിച്ച് മുതലാളിയെ ചീത്തവിളിക്കുന്ന കിലുക്കത്തിലെ കഥാപാത്രമാണ് ഇന്നസെന്റ് എന്ന് കോണ്‍ഗ്രസ്‌ നേതാവ് കെ മുരളീധരൻ പരിഹസിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസ്‌ അനുഭാവികൾ സോഷ്യൽ മീഡിയയിൽ "കിലുക്കം" ദൃശ്യവും പ്രചരിപ്പിക്കുന്നുണ്ട്. ഏതായാലും രണ്ടിലൊന്നറിയാൻ "പെട്ടി തുറക്കും" വരെ കാത്തിരിക്കാം.