ജിബിൻ മട്ടന്നൂർ
വേദനിപ്പിക്കുന്നത്
ഒരുമിച്ചിറങ്ങി,
ഇരു വഴിയിൽ പിരിയുമ്പോൾ,
വേദനിപ്പിക്കുന്നത്,
അവശേഷിക്കുന്ന മൗനമാണ്..
നവ രാമായണം
കാട്ടിലേക്കുള്ള യാത്രയ്ക്ക് മുൻപ്,
കരഞ്ഞു കൊണ്ട്
ഭരത മാതാവ് മൊഴിഞ്ഞു
മകനേ,രാമാ
നീ നിന്റെ പാദുകങ്ങളെയും
മറക്കാതെ എടുത്തിട്ട് പോകുക..
എറയ്സെർ
പണ്ട്,
തെറ്റിപ്പോയ പെൻസിൽ ചിത്രങ്ങൾ മായ്ക്കാൻ ,
എനിക്ക് എറയ്സെർ സമ്മാനിച്ചത് നീയാണ്..
ഇന്ന്,
വീണ്ടും ആ താളുകളിലേക്ക് നോക്കുമ്പോഴാണ്,
പെൻസിലിന്റെ അഗ്രം കടലാസിൽ തീർത്ത മുറിവുകൾ,
എറയ്സെറിന് മായിക്കാൻ കഴിഞ്ഞില്ലായിരുന്നെന്ന്
അറിയുന്നത്!
വ്രണയം
"വ്രണയം.."
വ്രണിതമാം പ്രണയത്തെക്കുറിച്ച്,
നീ അങ്ങനെയാണ് എഴുതിയത്..
അപ്പോഴും,
അതിന്റെ അടിയിൽ വ്രണിതമായ്,
നീറുന്ന നിന്റെ ഹൃദയത്തെക്കുറിച്ച്,
ഞാൻ വായിക്കാൻ മറന്നു..
കല്ലറകൾ
കല്ലറകൾ നിർമ്മിക്കപ്പെടുന്നത്,
സ്മാരകമായല്ല.
ഉള്ളിൽ അഴുകുന്നതിന്റെ നാറ്റം,
വെളിയിൽ വരാതിരിക്കാനാണ്.
ശരീരവും ഒരു കല്ലറയാണ്,
അഴുകുന്ന മനസ്സിനെ അടക്കിയത്..