Track & Field

കളിയിടങ്ങൾ നഷ്ടമാകുന്ന കേരളം

കളിയിടങ്ങൾ നഷ്ടമാകുന്ന കേരളം

 

From the Desk

  വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും മലയാളി ഒത്തുകൂടിയിരുന്നത് ഗ്രാമീണവും അല്ലാത്തതുമായ കളിക്കളങ്ങളിൽ ആയിരുന്നു. കൊയ്തൊഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും സെവെൻസിന്റെയും വോളിബോളിന്റെയും ലഹരി സിരകളിൽ നിറച്ചു യുവത്വം പോരാടിക്കൊണ്ടിരുന്നു. കാലം മാറി കഥ മാറി. യുവത്വവും സമൂഹവും മാറി. റിയൽ എസ്റ്റേറ്റ്‌ മാഫിയ നാട്ടിൽ പിടിമുറുക്കുകയും ഒഴിഞ്ഞ പറമ്പുകളും പാടങ്ങളും അപ്രത്യക്ഷമാവുകയും ചെയ്യ്തു. ഓടിക്കളിക്കാൻ മുറ്റം പോലും നഷ്ട്ടപ്പെട്ട ബാല്യങ്ങൾ ഫ്ലാറ്റുകളുടെ നാല് ചുവരുകൾക്കുള്ളിൽ വീഡിയോ ഗെയിം കളിക്കാൻ തുടങ്ങി. കായിക വകുപ്പും സർക്കാറുകളും തദ്ദേശ സ്വയംഭരണ വകുപ്പും മൈതാനങ്ങളോട് അവഗണന കാണിക്കുകയും ചെയ്യ്തതോടെ എല്ലാം പൂർത്തിയായി.

    ഇത്തരം കളിക്കളങ്ങളുടെയും കളിക്കൂട്ടായ്മകളുടെയും അപ്രത്യക്ഷമാകൽ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങൾ അക്കമിട്ടു നിരത്താവുന്നതിലും ഏറെയാണ്‌. സോവിയെറ്റ് യൂണിയന്റെ തകർച്ച പൂർത്തിയാവുകയും ആഗോളവൽക്കരണത്തിന് തുടക്കമാവുകയും ഗൾഫ്‌ പണം ഒഴുകാനും ഒക്കെ തുടങ്ങിയ തൊണ്ണൂറുകളിലാണ് മലയാളി കളിയിടങ്ങൾ നഷ്ട്ടപ്പെടുത്തിത്തുടങ്ങിയത്. ഇതോടൊപ്പം സർക്കാർ നിലപാടുകളും കായിക വിരുധമായത്തോടെ പി ടി ഉഷ, ഐ എം വിജയൻ, ജിമ്മി ജോർജ് എന്നീ പേരുകൾക്കൊന്നും പിന്തുടർച്ച ഇല്ലാതായി. ഗ്രാമീണ കളിക്കളങ്ങൾക്കൊപ്പം നാടൻ കളികളായ തലപ്പന്തുകളി, കുട്ടീം കോലും തുടങ്ങിയവയും വേരറ്റു. 

    പരസ്പരം പോരടിക്കാനുള്ള ആദിമമായ ഗോത്ര ചോദന മനുഷ്യന്റെ ജീനോം ഗോവണിയിൽ ഒട്ടിപ്പിടിച്ചു കിടക്കുന്നതത്രേ. കളികളും കായിക വിനോദങ്ങളും അത്തരം ഗോത്ര വെറികളെ അടക്കുകയും സാമൂഹ്യ മനസ്സ് നിർമ്മിക്കുകയും ചെയ്യുന്നവയാണ്. കളികളുടെ നിയമങ്ങളെ അനുസരിക്കാനുള്ള മനസ്സ് കുട്ടികളിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിയമങ്ങളെ അനുസരിക്കാനുള്ള കഴിവ് നേടിക്കൊടുക്കുന്നു. നിയമ സംവിധാനങ്ങളെ ബഹുമാനിക്കാതെ പരസ്പരം പോരടിക്കുകയും ജാതി-മത-രാഷ്ട്രീയ സ്പർധകൾ സമകാലീന കേരളത്തിൽ വർധിക്കുകയും ചെയ്യുന്നത് ഇത്തരം കളിക്കളങ്ങളുടെ അഭാവം കൊണ്ട് കൂടിയാണ്. 

   ഗ്രാമീണ കളിക്കളങ്ങളെ അപ്രത്യക്ഷമാക്കിയതിന്റെ ഉത്തരവാദിത്വതിൽനിന്നും ഇന്ത്യൻ ക്രിക്കെറ്റിന്റെ "ദൈവം" ആയ സച്ചിൻ ടെണ്ടുൽക്കർക്ക് മാറിനിൽക്കാൻ കഴിയില്ല. കളിയിലെ മികവും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പരസ്യവുമായി വന്ന്, ഇന്ത്യൻ ജനസമൂഹത്തെയാകെ നാടൻ കളികളിൽ നിന്നും "മോചിപ്പിച്ചത്" സച്ചിൻ അല്ലാതെ മറ്റാരുമല്ല.

 ജാതി മത സംഘട്ടനങ്ങൾ വർദ്ധിക്കുകയും അക്രമവും അനീതിയും രാക്ഷസരൂപം കൈവരിക്കുകയും ചെയ്യുന്ന ഈ കാലം തേടുന്നത് അതിരുകളില്ലാത്ത കളിക്കളങ്ങൾ തന്നെയാണ്....