Green Page

കൃഷിയിലെ 'എരുവേശി'വഴികൾ

കൃഷിയിലെ 'എരുവേശി'വഴികൾ

 

 അനാമിക ബിലിഗേരി 


എരുവേശി ഗവണ്മെന്റ് യു പി സ്കൂളിലെ നാലാം ക്ലാസ്സുകാരൻ അഭിജിത്തിന് സ്കൂളിൽ ആകെയൊരു വില്ലൻ പരിവേഷമായിരുന്നു. അത്യാവശ്യം "കുരുത്തക്കേടും" പഠനത്തിൽ കുറച്ചു പിറകിലുമായിരുന്നു അഭിജിത്ത്. എന്നാൽ ഒരു ദിവസം അഭിജിത്ത് സ്കൂളിലേക്ക് വന്നത് ഒരു കൂറ്റൻ മത്തങ്ങയുമായിട്ടായിരുന്നു ! സ്വന്തമായി കൃഷി ചെയ്യ്തുണ്ടാക്കിയ മത്തങ്ങയായിരുന്നു അത്. ആ മത്തങ്ങ അഭിജിത്ത് അധ്യാപകർക്ക് കൈമാറി. അങ്ങനെ അന്നും പിറ്റേന്നും ഉച്ചഭക്ഷണത്തിന് അഭിജിത്തിന്റെ മത്തങ്ങകൊണ്ടായിരുന്നു വിഭവങ്ങൾ. ഒറ്റ ദിവസം കൊണ്ട് സ്കൂളിലെ "ഹീറോ" ആയി മാറിയ അഭിജിത്ത് വികൃതിയെല്ലാം അവസാനിപ്പിച്ച് പഠിത്തത്തിൽ കേമനാകാൻ തുടങ്ങി.


സ്കൂളിൽ നടപ്പിലാക്കുന്ന കാര്ഷിക പധ്വതികളുടെ ഒരു ഉദാഹരണം മാത്രമാണ് അഭിജിത്ത്. അകാദമിക്‌ സമയം നഷ്ട്ടപ്പെടുത്തി കുട്ടികളെയെല്ലാം വെയിലത്തിറക്കി "പ്രദർശനം" നടത്താൻ എരുവേശി സ്കൂൾ അധികൃതരും രക്ഷിതാക്കളും ഒരുക്കമല്ല. കൃഷി ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണെന്ന തിരിച്ചറിവ് പണ്ടേ നേടിയെടുത്ത കാർഷിക ഗ്രാമം ആണ് എരുവേശി. കുടിയേറ്റ കർഷകരുടെ അധ്വാനവും ജന്മിത്വതിനെതിരായ കർഷക പോരാട്ടത്തിന്റെ വീര്യവും ഒത്തു ചേർന്ന എരുവേശിക്കാരുടെ ജീനുകളിൽ കൃഷി ഉള്ളതുകൊണ്ടുതന്നെ രക്ഷിതാക്കളും നാട്ടുകാരും ഈ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നല്കുന്നു. സ്കൂളിലെ പ്രധാനാധ്യാപകനായ പി കെ ബാലകൃഷ്ണൻ ഉൾപ്പെടെ എല്ലാ അധ്യാപകരും മികച്ച കർഷകരും കാർഷിക പാരമ്പര്യം ഉള്ളവരും തന്നെ.


സ്കൂൾ കൃഷി തോട്ടത്തിന് പുറമേ നാട്ടിൽ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കാനും സ്കൂൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. കൃഷി വകുപ്പ് വിതരണം ചെയ്യുന്ന വിത്തുകൾക്ക് പുറമേ നാടൻ വിത്തിനങ്ങൾ ശേഖരിച്ചു കൃഷി ചെയ്യാനും ക്ലബ്‌ പ്രവർത്തനങ്ങളിലൂടെ ശ്രമം നടത്തുന്നുണ്ട്. കൃഷിയിലൂടെ മികവിലേക്ക് നീങ്ങുന്ന ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷയുടെ പച്ചപ്പ്‌ നല്കുന്നു.