Green Page

"വവ്വാലുകൾ കുടിയിറക്കപ്പെടുമ്പോൾ.."

അനാമിക ബിലിഗേരി


നിരത്തുകളും കച്ചവടമാളികകളും വിമാനത്താവളങ്ങളും വികസിപ്പിക്കാനായി ദരിദ്രന്റെ കുടിലുകൾ തച്ചുതകർക്കുന്നത് വിനോദമാക്കുന്ന ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന തമിഴ് കവിതയാണ് "കൂട്". പ്രശസ്ത തമിഴ് കവിയും ചലച്ചിത്രഗാന രചയിതാവുമായ വൈരമുത്തു ഈ കവിതയിൽ ഭരണകൂടത്തിന്റെ വികസന സമീപനത്തെ ശക്തമായി വിമർശിക്കുന്നുണ്ട് . ഗൃഹനാഥനില്ലാതിരുന്ന സമയത്ത് പണിയായുധങ്ങളും യന്ത്രങ്ങളുമായി കുടിൽ പോളിക്കാനെതുന്ന സർക്കാർ ജീവനക്കാരോട് വിലപിക്കുന്ന വീട്ടമ്മ, അവരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഒന്ന് തള്ളിയാൽ വീഴുന്ന കുടിൽ തകർക്കാനാണോ ഇത്രയും വലിയ യന്ത്രങ്ങളുമായി എത്തിയത് എന്നാണ് വീട്ടമ്മ സർക്കാർ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്.

          മനുഷ്യരെ കുടിയിറക്കുന്നതിനേക്കാൾ എളുപ്പമാണ്  "പ്രകൃതിയെ" ഒഴിപ്പിച്ചെടുക്കുന്നത്  എന്ന ബുദ്ധിക്കൊപ്പം അത്യാർത്തിയും ഉള്ള ചിലരാണ്  കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വവ്വാലുകളുടെ സ്വാഭാവിക ആവാസകേന്ദ്രം നശിപ്പിച്ചുകൊണ്ട് കൂറ്റൻ കച്ചവടമാളിക കെട്ടിപ്പൊക്കാൻ യത്നിക്കുന്നത്. മട്ടന്നൂർ പട്ടണമധ്യത്തിലെ ഐ ബി (ഇൻസ്പെക്ഷൻ ബംഗ്ലാവ് ) കുന്നിലെ വന്മരങ്ങളും ഔഷധചെടികളും നിറഞ്ഞ സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് ഷോപ്പിംഗ്‌ മാൾ നിർമ്മിക്കാനാണ് മട്ടന്നൂർ നഗരസഭയുടെ നീക്കം. നിലവിൽ പി ഡബ്ലു ഡി വകുപ്പിന്റെ കീഴിലാണ് ഐ ബി കുന്ന്. തലശ്ശേരി - വളവുപാറ റോഡ്‌ നിർമ്മാണത്തിൽ കടമുറികൾ നഷ്ട്ടപ്പെട്ട കച്ചവടക്കാർക്കായി ഷോപ്പിംഗ്‌ മാൾ നിർമ്മിക്കണമെന്നാണ് നഗരസഭ ആവശ്യപ്പെടുന്നത്. ഇതിനായുള്ള ഔദ്യോഗികവും അല്ലാത്തതുമായ നീക്കങ്ങളും നഗരസഭ ആരംഭിച്ചു കഴിഞ്ഞു.

ഐ ബി കുന്നിന്റെ പാരിസ്ഥിതിക പ്രസക്തി

          ദേശീയ - അന്തർദേശീയ പാരിസ്ഥിതിക എജെൻസികൾ റെഡ് ഡാറ്റാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വംശനാശ ഭീഷണി നേരിടുന്ന നാലോളം വവ്വാൽ വിഭാഗങ്ങൾ ഐ ബി കുന്നിൽ ആവാസമുറപ്പിച്ചിട്ടുണ്ട് . ഇത് കൂടാതെ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു പട്ടണം എന്ന നിലയിൽ നഗര മധ്യത്തിലെ ഈ കൊച്ചു വനം മട്ടന്നുരിനു പകർന്നു നല്കുന്ന കുടിവെള്ളം, ശുദ്ധവായു എന്നിവയെല്ലാം വിലമതിക്കാനാവാത്തതാണ്. മട്ടന്നൂർ പട്ടണത്തിന്റെ അഭിമാനമായ ശിവക്ഷേത്രത്തിലെ ക്ഷേത്രക്കുളം വർഷം മുഴുവനും നിറഞ്ഞിരിക്കുന്നതും ഐ ബി കുന്ന് ഉള്ളത് കൊണ്ടാണ്.

ഐ ബി കുന്നിന്റെ ചരിത്ര പ്രാധാന്യം 

ബ്രിട്ടീഷ്‌ ഭരണകാലത്ത് കിഴക്കൻ കണ്ണൂരിലെ പ്രധാന നികുതി പിരിവു കേന്ദ്രമായിരുന്നു മട്ടന്നൂർ. ആ കാലത്ത് പൂർണമായും തടികൊണ്ട് നിർമിച്ച ഇൻസ്പെക്ഷൻ ബംഗ്ലാവ് ഇപ്പോഴും ഐ ബി കുന്നിൽ ഉണ്ട്. ഊട്ടിയിലെയും കൊടൈക്കനാലിലെയും കെട്ടിടങ്ങളുടെ അതെ വാസ്തുശില്പ മാതൃകയിലാണ് ഈ കെട്ടിടം. ഇത് സംരക്ഷിക്കാനോ ചരിത്ര വിദ്യാർത്ഥികൾക്ക് പഠന വസ്തുവാക്കാണോ തയ്യാരാകാത്തവരാണ് ഇപ്പോൾ ഇവിടെ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിയാൻ ഒരുങ്ങുന്നത്.

വിനാശകരുടെ വിചിത്ര വാദങ്ങൾ 

          ഐ ബി  കുന്നിലേക്ക് കണ്ണും നട്ടിരിക്കുന്നവർ പറയുന്നത് തലശ്ശേരി - വളവുപാറ അന്തർസംസ്ഥാന പാത വീതികൂട്ടുന്നതിന്റെ ഫലമായി കടമുറികൾ നഷ്ട്ടപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി കൂറ്റൻ ഷോപ്പിംഗ്‌ മാൾ പണിയണമെന്നാണ് . എന്നാൽ റോഡ്‌ വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ട്ടപ്പെട്ട 98% കച്ചവടക്കാരും റോഡരികിലായി തന്നെ സ്വന്തം കെട്ടിടം നിർമ്മിച്ച്‌ കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. അവശേഷിക്കുന്ന കച്ചവടക്കാർക്ക് കെട്ടിടം നിർമിച്ചു നല്കാനായി നഗരസഭയുടെ കയ്യിൽ സ്വന്തം സ്ഥലം ഉണ്ടെന്നിരിക്കെ ഇത്തരത്തിലുള്ള ഒരു നീക്കം മറ്റുപലതിനുമാണെന്നാണ് സൂചിപ്പിക്കുന്നത്. 
          മട്ടന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാന വിളകളായ വാഴയ്ക്കും കുറ്റ്യാട്ടൂർ മാങ്ങക്കും (നമ്പ്യാർ മാങ്ങ) വവ്വാലുകൾ വൻ കൃഷി നാശമാണ് ഉണ്ടാക്കുന്നതെന്നും വവ്വാലുകളെ മട്ടന്നൂരിൽ നിന്നും തുരത്തണം എന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത് എന്നൊക്കെയാണ് ഐ ബി കുന്ന് സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ പറയുന്നത്‌. എന്നാൽ ജൈവിക കീട നിയന്ത്രണത്തിൽ മർമ പ്രധാനമായ സ്ഥാനമാണ് വവ്വാലുകൾ വഹിക്കുന്നത് എന്ന് പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവർക്കുപോലും അറിയുന്ന കാര്യമാണ്.

പ്രകൃതിയെക്കൊല്ലാൻ രാഷ്ട്രീയ യോജിപ്പും!!

          രാഷ്ട്രീയ വൈരത്തിന് പേരുകേട്ട കണ്ണൂരിൽ പക്ഷെ ഐ ബി കുന്നു നശിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നല്ല യോജിപ്പിലാണ്. സി പി എം ഭരിക്കുന്ന മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ ഐ ബി കുന്നിന്റെ കാര്യത്തിൽ പൂർണമായ സഹകരണത്തിലാണ് . മുനിസിപാലിറ്റി ഐ ബി കുന്ന് വിട്ടുതരണം എന്നാവശ്യപ്പെട്ട് ഒരു കത്ത് അയക്കേണ്ടുന്ന താമസമേ ഉണ്ടായിരുന്നുള്ളൂ, മുസ്ലിം ലീഗ് ഭരിക്കുന്ന വകുപ്പിൽ നിന്നും പി ഡബ്ലു ഡി എക്സിക്ക്യുട്ടീവ് എന്ജിനീയര്ക്ക് വിജ്ഞാപനവും ലഭിച്ചു. പ്രാഥമിക പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ നടത്തി റിപ്പോർട്ട്‌ നല്കാനാണത്രേ ഈ ഉദ്യോഗസ്ഥന് ലഭിച്ചിട്ടുള്ള ഉദ്ദേശം. മട്ടന്നുരിലെ പ്രധാന രാഷ്ട്രീയ ശക്തിയൊന്നുമല്ലെങ്കിലും ആദ്യകാലത്ത് ഈ പധ്വതിയെ എതിർത്ത് ബി ജെ പി രംഗത്ത് വന്നിരുന്നെങ്കിലും ഒരു മാസത്തിനകം അവർ പിൻവലിഞ്ഞു.

സംരക്ഷിക്കാൻ പോരാട്ടം 

          ആയിരത്തോളം വരുന്ന വവ്വാലുകളെയും വന്മരങ്ങൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയേയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇപ്പോൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാത്രമാണ് ഉള്ളത്. ഐ ബി കുന്നിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനായുള്ള നിയമപോരാട്ടവും നിർദിഷ്ട പധ്വതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളും പരിഷത്ത് നടത്തുന്നുണ്ട്. പ്രകൃതിയില്ലാതെ മനുഷ്യനില്ലെന്ന തിരിച്ചറിവ് ഈ ലോകത്തെ എല്ലാ ലാഭക്കൊതിയന്മാർക്കും ഉണ്ടാകുന്നത് വരെ ഇത്തരം പ്രക്ഷോഭങ്ങൾ അനിവാര്യം തന്നെയാണ്.