Social Canvas

അമ്പിട്ടൻതരിശ്ശിൽ പൊട്ടിച്ചു തീർക്കപ്പെടുന്ന ജീവിതങ്ങൾ

അമ്പിട്ടൻതരിശ്ശിൽ പൊട്ടിച്ചു തീർക്കപ്പെടുന്ന ജീവിതങ്ങൾ

 അനാമിക ബിലിഗേരി 


ക്വാറികൾ ജീവിതം തകർത്ത കഥയാണ് അമ്പിട്ടിൻതരിശ് നിവാസികൾക്ക് പറയാനുള്ളത്. ഏതൊരു സാധാരണ മലയോര ഗ്രാമത്തിനും പറയാനുള്ള കഥ തന്നെയാണ് ഇത്. ഭൂമികുലുക്കുന്ന സ്ഫോടനങ്ങളും വായുവിൽ നിറയുന്ന പൊടിയും മല കയറി വരുന്ന ടിപ്പർ ലോറികളും ചേർന്ന് പങ്കിട്ടെടുക്കുന്ന കുറെ മനുഷ്യ ജീവിതങ്ങൾ. പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ 9, 11, 12 വാർഡുകൾ ഉൾപ്പെടുന്ന അമ്പിട്ടൻതരിശ്ശിൽ പ്രവർത്തിച്ചുവരുന്ന കരിങ്കൽ ക്വാറികളും ക്രഷർ യൂണിറ്റും കാരണം ഈ പ്രദേശത്ത് ജനജീവിതം ദുഷ്കരമായിരിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുവരുന്ന നാലോളം ക്വാറികളാണ് ഈ മേഖലയിൽ ഉള്ളത്. ക്വാറികളുടെ പ്രവർത്തനം ആരംഭിച്ച കാലം മുതൽ ജനങ്ങൾ പ്രയാസങ്ങൾ അനുഭവിച്ചിരുന്നെങ്കിലും  2012 ൽ പ്രവർത്തനം ആരംഭിച്ച അത്യന്താധുനിക ക്വാറി മുതലാണ് ക്വാറികളുടെ പ്രവർത്തനം ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന നിലയിലെത്തിയത്. 

അമ്പിട്ടൻതരിശ്ശിൽ വ്യാപകമായുള്ള റബർ, തെങ്ങ് കൃഷികളെ ആശ്രയിച്ചാണ്‌ ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും ഉപജീവനം കഴിച്ചുപോരുന്നത്. എന്നാൽ ക്വാറികളുടെ പ്രവർത്തനം ജനങ്ങളുടെ ഉപജീവനം മുടക്കുന തരത്തിലാണ് നടക്കുന്നത്. അമ്പിട്ടൻതരിശ്ശിലെ 20 ആദിവാസി കുടുംബങ്ങൾ അധിവസിക്കുന്ന ട്രൈബൽ കോളനിയിൽനിന്നും ഏതാനും മീറ്ററുകൾ മാത്രം മാറിയാണ് രണ്ടു വൻകിട ക്വാറികൾ പ്രവർത്തിക്കുന്നത്. 20 ആദിവാസി കുടുംബങ്ങൾ ഉൾപ്പടെ 42 കുടുംബങ്ങൾ ഈ കോളനിയിലാണ് താമസിക്കുന്നത്. കൂടാതെ ഈ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്ക് ഈ കോളനിയിലാണുള്ളത്. ക്വാറിയിൽ നിന്നുള്ള പൊടി കുടിവെള്ള ടാങ്കിൽ കലരുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. കോളനി നിവാസികളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയുയർത്തുന്ന ക്വാറികളിൽ പാറപൊട്ടിക്കുന്നതിനായി നടത്തുന്ന വൻ സ്ഫോടനങ്ങൾ ഈ പ്രദേശത്തെ ഇരുപതോളം വരുന്ന വീടുകൾക്ക് ഇതിനകം സാരമായ കേടുപാടുകൾ വരുത്തിക്കഴിഞ്ഞു. ഓടുമേഞ്ഞ വീടുകളുടെ ഓടുകൾ ഇളകിവീഴുന്നതിനും, ചുവരുകളിൽ വിള്ളൽ ഉണ്ടാകുന്നതിനും വീടിനകത്തെ വസ്തുവഹകൾ താഴെ വീണു തകരുന്നതിനും ഈ സ്ഫോടനങ്ങൾ കാരണമാകുന്നു.

ക്വാറികളിൽനിന്ന് പൊട്ടിച്ചെടുക്കുന്ന കരിങ്കല്ലുകൾ കയറ്റിപോകുന്ന ടിപ്പറുകളുടെ മരണപാച്ചിൽ ജനങ്ങൾക്ക്‌ വലിയ ഭീഷണി തന്നെയാണ്. 2012 ഒക്ടോബർ 4 ന് ക്വാറിയിൽ നിന്നും കരിങ്കല്ല് കയറ്റുന്നതിനായി അതിവേഗതയിൽ വന്ന ടിപ്പറിടിച്ച് ഒരു യുവതി മരണപ്പെടുകയുണ്ടായി. ഒരു ദിവസം ഏകദേശം 200 ഓളം ട്രിപ്പുകളാണ് അമ്പിട്ടൻതരിശ്ശിലെ റോഡുകളിലൂടെ ടിപ്പർ ലോറികൾ നടത്തുന്നത്. ഇത്രയും വലിയ ഗതാഗതം താങ്ങാനാവാതെ ഇവിടുത്തെ റോഡുകളും കലുങ്കുകളും തകരുന്ന അവസ്ഥയാണുള്ളത്. ടിപ്പർ ലോറികളുടെ പാച്ചിലിൽ റോഡിനിരുവശവുമുള്ള കുടിവെള്ളപൈപ്പുകൾ തകരുന്നത് നിമിത്തം പലപ്പോഴും ഇവിടെ കുടിവെള്ളം മുടങ്ങുന്ന അവസ്ഥയുമാണ്. 

ക്വാറികളുടെ പ്രവർത്തനം ഉണ്ടാക്കുന്ന മറ്റൊരു പ്രധാന അപകടം വ്യാപകമായി പാറപ്പൊടി അന്തരീക്ഷത്തിൽ ഉയരുന്നതാണ്. പാറപ്പൊടി കലർന്ന വായു ശ്വസിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ഭീഷണിയിലാണ് പ്രദേശവാസികൾ. കൂടാതെ റബർ, തെങ്ങ് കൃഷികൾ വ്യാപകമായ ഈ പ്രദേശത്ത് പാറപ്പൊടി വായുവിൽ കലർന്ന് ചുറ്റുപാടും വ്യാപിക്കുന്നത് വലിയതോതിൽ കൃഷിനാശത്തിനും ഉത്പാദന നഷ്ടത്തിനും കാരണമാകുന്നുണ്ട്. ഇവിടുത്തെ 85 ശതമാനം ജനങ്ങളും റബർ കൃഷിയെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത് എന്നതിനാൽ വളരെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമാണ് ക്വാറികൾമൂലമുണ്ടാകുന്നത്. ക്വാറികൾ സൃഷ്ടിക്കുന്ന സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുകൊണ്ട് പ്രദേശവാസികൾ കലക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ആക്ഷൻ കൗൻസിലിന്റെ പ്രവർത്തനത്തെത്തുടർന്നു ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി തടയാൻ കഴിഞ്ഞെങ്കിലും ക്വാറി ഉടമകൾ തങ്ങളുടെ ഉന്നത സ്വാധീനം ഉപയോഗപ്പെടുത്തി ക്വാറിയുടെ പ്രവർത്തനം തുടരാനുള്ള അനുമതി വാങ്ങിയെടുക്കുകയും ഡിസംബർ 28 ആം തീയതിയോടെ ക്വാറികളുടെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തിരിക്കുകയുമാണ്. 

ഈ പ്രദേശത്ത് ക്വാറികളുടെ പ്രവർത്തനം തുടരുകയാണെങ്കിൽ അടുത്ത 10 വർഷത്തിനകം അമ്പിട്ടൻതരിശ്ശ് പ്രദേശത്ത് വലിയ കുഴികൾ മാത്രമേ അവശേഷിക്കുകയുള്ളൂ. അനിയന്ത്രിതമായ പാറപൊട്ടിക്കൽ മൂലം ഉരുൾപൊട്ടൽ, കുടിവെള്ളക്ഷാമം, വെള്ളക്കെട്ട് തുടങ്ങി പ്രകൃതിക്ഷോഭാങ്ങളെ ഈ പ്രദേശത്തെ ജനങ്ങൾക്ക്‌ നേരിടേണ്ടിവരുമെന്നുറപ്പാണ്. ഇതുകൂടാതെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിൽ ക്വാറി ഉടമകൾക്ക് ലാഭമുണ്ടാക്കുന്നതിനായി മാത്രം വരുത്തുന്ന മാറ്റങ്ങൾമൂലം ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും കാർഷികമേഖലയുടെ തകർച്ചയും സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും. പ്രദേശവാസികൾ നിലനിൽപ്പിനായി വൻ സമരത്തിനു ഒരുങ്ങുകയാണ്. ആക്ഷൻ കൗൻസിലിന്റെ നേതൃത്വത്തിൽ മീന കന്ദസാമി ഉൾപ്പെടെയുള്ള പ്രമുഖരെ പ്രദേശത്ത് എത്തിച്ച് പ്രശ്നം പൊതു ശ്രദ്ധയിൽ എത്തിക്കാനാണ് നാട്ടുകാരുടെ തീരുമാനം.